About Us

History Of Temple

കേരളത്തിലെ ഏറെ പ്രശസ്തിയാർജ്ജിച്ച ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ക്ഷേത്രം. ചതുർബാഹുവായ ഭദ്രകാളിയാണ് പ്രതിഷ്ഠ. ഭൈരവൻ ഉപപ്രതിഷ്ഠയായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തും ഗണപതി , നാഗങ്ങൾ എന്നീ പ്രതിഷ്ഠകൾ കന്നിമൂലയിലും സ്ഥിതിചെയ്യുന്നുണ്ട്. സുമാർ ഒന്നര സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. പരിയാനമ്പറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണശ്രേഷ്ഠൻ തന്റെ അനുചരനുമൊന്നിച്ചു മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി ഭജനമിരുന്നു. സുദീർഘമാ ഭജനത്തിൽ ഭഗവതിയുടെ അനുഗ്രഹത്തിനും പ്രീതിക്കും പാത്രീഭൂതനായ അദ്ദേഹം ഇനിയുള്ളകാലം നാട്ടിലെത്തിയാവാം ദേവീഭജനം എന്ന് ചിന്തയോടെ മടങ്ങുന്നു. ഏറെ ദീർഘമായ മടക്കയാത്രയിൽ തളർച്ചയകറ്റാനായി ഒരു അരുവിയുടെ തീരത്തു വിശ്രമിക്കാനിരുന്ന ബ്രാഹ്മണശ്രേഷ്ഠൻ തന്റെ ഭാണ്ഡം തുറന്നപ്പോൾ ഒരു "തിടമ്പ് " ഭാണ്ഡത്തിൽ കാണാനിടയായി. അത്ഭുതസ്തബ്ധനായ അദ്ദേഹം തന്റെ തപ ശ്ശക്തിയാൽ തിടമ്പിന്റെ ചൈതന്യവും മാഹാത്മ്യവും തിരിച്ചറിയുകയും ആ തിടമ്പ് അദ്ദേഹമിരുന്ന അരുവിക്കരയിൽ പ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. പഴയ വള്ളുവനാടുതാലൂക്കിലെ 14 ദേശക്കാരുടേയും സാന്നിദ്ധ്യത്തിൽ പ്രസിദ്ധ തന്ത്രികളായ ഈക്കാട്ടുമനയ്ക്കലെ പ്രധാന തന്ത്രിയുടെ കാർമ്മികത്വത്തിൽ തിടമ്പ് അദ്ദേഹം അരുവിയുടെ തീരത്തുതന്നെ പ്രതിഷ്ഠിച്ചു. ആ അരുവിയാണത്രെ പിന്നീട് ഇന്നത്തെ ക്ഷേത്രക്കുളമായി പരിണമിച്ചത്.

അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നലൂർ, പൊറ്റെക്കാട് മൂത്തപണിക്കർമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠ നടന്നത്. ക്ഷേത്രത്തിന്റെ ഭരണച്ചുമതല അന്നു നൽകിയത് പറമ്പോട്ടിൽ നായൻമാർക്കായിരുന്നു. ഇവർക്ക് ക്ഷേത്ര ത്തിൽ “പാഠാളി' എന്ന സ്ഥാനമുണ്ട്. ബ്രാഹ്മണശ്രേഷ്ഠൻ തന്റെ അനുചരനായ അന്ന് കൂടെനിന്ന് പാറോല തറവാട്ടിലെ കാരണവർക്ക് ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടിന്റെ സ്ഥാനവും നൽകി. ഏതാണ്ട് 450 വർഷങ്ങൾക്കുമുമ്പ് ഒരു സംഘം നായർ പ്രമാണിമാർ പടവെട്ടി ക്ഷേത്രം അവരുടെ അധീനത്തിലാക്കി. ദേവീവിശ്വാസികളായിരുന്ന ഇവർക്ക് ഭഗവതി ഭദ്രകാളിയുടെ രൂപത്തിൽ ദർശനം നൽകി എന്നു പറയപ്പെടുന്നുണ്ട്. കണ്ണനൂർ പടസ്വരൂപത്തിലെ തലമൂത്ത കാരണവരായ തൃക്കിടീരി മൂപ്പിൽ നായരാണ് ക്ഷേത്രം ഊരാളൻ. ഇപ്പോൾ മലബാർ ദേവസ്വംബോർഡ് നിയമിച്ച ട്രസ്റ്റി ബോർഡും മാനേജരും ചേർന്ന് ഭരണം നടത്തുന്നു.

ക്ഷേത്രത്തിൽ ഇന്നുകാണുന്ന നേട്ടങ്ങളും സൗകര്യങ്ങളുമെല്ലാം ഭക്തജനങ്ങളുടേയും അഭ്യുദയകാംക്ഷികളുടെയും വഴിപാടുകളും അകമഴിഞ്ഞ സംഭാവനകളും മറ്റുമായി ലഭിച്ചിട്ടുളളതാണ്.